ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന; പെട്രോളിന് 117 കടന്നു

രാജ്യത്ത് ഇരുട്ടടി തുടര്‍ന്ന് ഇന്ധനവിലയില്‍ ഇന്നു വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 117 രൂപ 19 പൈസയും, ഡീസലിന് 102 രൂപ 26 പൈസയുമായി. പെട്രോളിന് പന്ത്രണ്ട ദിവസത്തിനിടെ കൂട്ടിയത് 10 രൂപ 89 പൈസയാണ്. ഡീസലിന് 10 രൂപ 25 പൈസയും ഉയര്‍ന്നു.

കൊച്ചിയില്‍ പെട്രോള്‍ വില 115 രൂപ 7 പൈസയും ഡീസല്‍ വില 101 രൂപ 95 പൈസയുമണ്. കോഴിക്കോട് പെട്രോളിന് 115 രൂപ 36 പൈസയും ഡീസല്‍ വില 102 രൂപ 26 പൈസയുമായി. ഇന്ധനവില വര്‍ദ്ധന മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്.

ഇന്ധന, പാചകവാതക വില വര്‍ദ്ധനവിനെതിരെ പാര്‍ലമെന്റിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടുണ്ട്. അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും ചര്‍ച്ചയ്ക്ക് രാജ്യസഭ അധ്യക്ഷന്‍ അനുമതി നിഷേധിച്ചതോടെ സഭ തടസ്സപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും പ്രതിഷേധം ഉയരും.

സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രമാണ് ഉന്ധനവില കുറയ്ക്കേണ്ടത്. കേന്ദ്രവിഹിതം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് വില കുറയ്ക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.