ഇന്ധന സെസ്: നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം, സത്യാഗ്രഹ സമരം നടത്താന്‍ എം.എല്‍.എമാര്‍

ഇന്ധനനികുതി വര്‍ദ്ധനയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും.

അതിനിടെ, ജനവാസമേഖലയിലെ വന്യമൃഗ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പത്ത് വര്‍ഷത്തേക്കുള്ള പദ്ധതി നടന്നു വരികയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടില്‍ കടുവ സെന്‍സസ് നടപടികള്‍ തുടങ്ങി. വനത്തില്‍ ഉള്‍ക്കൊള്ളാന്‍ ആവാത്ത വിധം വന്യ ജീവികള്‍ വര്‍ധിച്ചോ എന്ന് പഠനം നടത്തിയിട്ടില്ല. വന്യ ജീവി ആക്രമണത്തിനെതിരെ ഇതുവരെ സ്വീകരിച്ച നടപടി ഫലപ്രദമല്ലെന്നും അതുകൊണ്ടാണ് ശാസ്ത്രീയ നടപടിയിലേക്ക് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗങ്ങളുടെ നിയന്ത്രിത വേട്ട അനുവദിക്കാന്‍ നിയമങ്ങള്‍ സര്‍ക്കാരിനെ ഇപ്പോള്‍ അനുവദിക്കുന്നില്ല. കേന്ദ്രനിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തണം. ചില പ്രദേശങ്ങളോട് മാത്രം അവഗണന കാണിക്കുന്ന നിലപാട് സര്‍ക്കാരിന് ഇല്ല. കൂടുതല്‍ ആര്‍ആര്‍ടികള്‍ തുടങ്ങണമെന്ന പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്റെ മുമ്പില്‍വെച്ചിട്ടുണ്ട്. എവിടെയൊക്കെ തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വയനാട്ടിലെ കടുവ സംരക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ കൂട്ടുമെന്നും മന്ത്രി അറിയിച്ചു.