പേര് ശ്രീജേഷ് എന്നാണോ, ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം

ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര എന്ന പേരുള്ളവര്‍ക്ക് പെട്രോള്‍ സൗജന്യമായി നല്‍കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതാ ഇങ്ങ് കേരളത്തിലും അത്തരമൊരു വാര്‍ത്ത. വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനും കാവല്‍ക്കാരനുമായ മലയാളിയുടെ അഭിമാനമുയര്‍ത്തിയ ശ്രീജേഷിനോടുള്ള ആദരമായി പെട്രോള്‍ സമ്മാനം നല്‍കുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറയിലെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് ശ്രീജേഷ് എന്ന പേരുള്ളവര്‍ക്ക് 101 രൂപയുടെ പെട്രോള്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 31 വരെ മാത്രമാണ് ഈ പ്രത്യേക ഓഫര്‍. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോ എന്നായിരുന്നു ചിലരുടെ സംശയം. സത്യമാണെന്ന് പമ്പുടമ പറയുന്നു.

നീരജ് എന്നു പേരുള്ളവര്‍ക്ക് 501 രൂപയുടെ പെട്രോളാണ് ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പ് പ്രഖ്യാപിച്ചത്. പേര് നീരജാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്കെല്ലാം 501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കുന്ന ഓഫര്‍ ഓഗസ്റ്റ് 8,9 തിയതികളിലായിരുന്നു. രണ്ടു ദിവസം കൊണ്ട് നിരവധി പേരായിരുന്നു ഈ ഓഫര്‍ സ്വന്തമാക്കിയത്.