ഫ്രാങ്കോ മുളയ്ക്കലിനെ പൂവന്‍കോഴിയാക്കി ചിത്രീകരിച്ച കാര്‍ട്ടൂണിന് പുരസ്കാരം: മതചിഹ്നങ്ങളെ അവഹേളിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി ബാലന്‍

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പുവന്‍കോഴിയായി ചിത്രീകരിച്ചുള്ള രചനയ്ക്ക് ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാരം ലഭിച്ച സംഭവം പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.

ലളിതകലാ അക്കാദമി  പുരസ്‌കാരം നേടിയ കാര്‍ട്ടൂണില്‍ മതചിഹ്നങ്ങളെ അവഹേളിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത് പരിശോധിച്ചുവെന്നും കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ കെസിബിസി രംഗത്ത് വന്നിരുന്നു. അവാര്‍ഡ് നിര്‍ണയം ലളിതകലാ അക്കാദമി പുന:പരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ കളിയാക്കി കൊണ്ടുള്ള കാര്‍ട്ടൂണിനാണ് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്. ആ അവാര്‍ഡ് നല്‍കിയത് മുഖ്യമന്ത്രിയും. ഇത്തരം സഹിഷ്ണുത കാണിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

കെ. കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലെ കാര്‍ട്ടൂണാണ് സഭയെ ചൊടിപ്പിച്ചത്. പീഡനക്കേസില്‍ പ്രതിയായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലുള്ള മെത്രാന്‍ സ്ഥാനീയ ചിത്രത്തില്‍ അടിവസ്ത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്. പൂവന്‍കോഴിയായാണ് ഫ്രാങ്കോയെ ചിത്രീകരിച്ചിരിക്കുന്നത്.