ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒയ്ക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി; നടപടി കോടതി ഉത്തരവ് നടപ്പാക്കാത്തതിന്; സര്‍ക്കാര്‍ ഫണ്ടില്‍ നിന്നെടുത്ത് അടയ്ക്കാന്‍ നോക്കണ്ടെന്നും ഹൈക്കോടതി

ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒക്ക് 10,000 രൂപ പിഴചുമത്തി ഹൈക്കോടതി. ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനാണ് ആര്‍ഡിഒയ്ക്ക് പിഴ ചുമത്തിയത്. കോടതി ഉത്തരവ് നടപ്പാക്കത്ത ആര്‍.ഡി.ഒ അഡ്വ. ജനറലിന്റെ ഓഫീസിന് ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറാതിരുന്നതും ശിക്ഷാ നടപടിക്ക് കാരണമായി.

ഭൂമി തരംമാറ്റല്‍ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് ഒരു വര്‍ഷത്തിനുശേഷവും ആര്‍ഡിഒ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. 2021ല്‍ ആണ് നടപടിക്ക് ഹൈക്കോടതി ഉത്തരവ് ഇട്ടത്. എന്നാല്‍ ആര്‍ഡിഒ ഒരു വര്‍ഷത്തിന് ശേഷവും നടപടിയെടുത്തില്ല. ഇതേ തുടര്‍ന്നാണു കോടതി 1000 രൂപ പിഴ ചുമത്തിയത്.

2021 ജൂലൈ മാസത്തില്‍ ഹൈക്കോടതി പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ പ്രദേശത്ത് ഭൂമി തരംമാറ്റല്‍ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

ഒരു വര്‍ഷത്തിന് ശേഷവും ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഉത്തപവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് അപേക്ഷകന്‍ വീണ്ടും കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് മൂന്ന് തവണ വിശദാംശം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദാംശം ഹാജരാക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടെന്ന് കോടതി ചോദിച്ചപ്പോഴാണ് അഡ്വ. ജനറലിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടും ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസ് വിവരങ്ങള്‍ കൈമാറായില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടക്കുകയായിരുന്നു.

Read more

സര്‍ക്കാര്‍ ഫണ്ടില്‍ നിന്നെടുത്ത് തുക അടയ്ക്കാമെന്ന് ആര്‍ഡിഒ കരുതേണ്ടെന്നും വ്യക്തപരമായി തന്നെ പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 7 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കാനാണ് കോടതി ഉത്തരവ്. പരാതിക്കാരന്റെ അപേക്ഷയ്ക്ക് വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നും ആര്‍ഡിഒയോട് ഹൈക്കോടതി ഉത്തരവിട്ടു.