ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയില്ലെങ്കില്‍ വനംമന്ത്രി രാജിവെയ്ക്കണം; ആളുകള്‍ മരിക്കുമ്പോള്‍ സര്‍ക്കാരിന് അനക്കമില്ല; തുറന്നടിച്ച് താമരശ്ശേരി രൂപത

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സര്‍ക്കരിനെതിരെ നിലപാട് കടുപ്പിച്ച് താമരശ്ശേരി രൂപത. ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ഒരു കാര്യംചെയ്യാന്‍ കഴിവില്ലാത്തവരാണെന്ന് കണ്ടുകഴിഞ്ഞാല്‍ അവിടെ നില്‍ക്കുന്നതില്‍ എന്തുകാര്യമാണുള്ളത്? ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരക്കാര്‍ സ്ഥാനം ഒഴിയണമെന്നും അദേഹം പറഞ്ഞു.

ആളുകള്‍ തുടര്‍ച്ചയായി മരിക്കുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ല. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞവര്‍ഷങ്ങളില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ചു. എന്നിട്ടും ഒരനക്കവുമില്ലാതെയിരിക്കുന്ന സര്‍ക്കാരിന് കര്‍ഷകരോട് നിഷേധാത്മക സമീപനമാണ്. ഇതില്‍ അതിയായ ദുഃഖവും വേദനയും പ്രതിഷേധവുമുണ്ടെന്ന് അദേഹം ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more

വന്യമൃഗശല്യം വനംവകുപ്പിന്റെ വീഴ്ചയാണെന്നതില്‍ യാതൊരു സംശയവുമില്ല. വനംവകുപ്പാണ് സംരക്ഷണം നല്‍കേണ്ടത്. ഒരാള്‍ ആക്രമിക്കാന്‍ വന്നാല്‍ സ്വയരക്ഷക്കുവേണ്ടി പ്രതിരോധം സ്വീകരിക്കാനുള്ള അവകാശമില്ലേ, കോടതിപോലും അത് അനുവദിച്ചുതരുന്നുണ്ടെന്നും താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.