ഫോക്കസ് ഏരിയ വിഷയം: 'അഭിപ്രായങ്ങള്‍ പറയാം, ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളില്‍ പരസ്യപ്രസ്താവന വേണ്ട' വി.ശിവന്‍കുട്ടി

ഫോക്കസ് ഏരിയ വിഷയത്തില്‍ അധ്യപകര്‍ക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അധ്യാപക സംഘടനകള്‍ക്കുണ്ടെന്നും, അവരുടെ സേവനങ്ങളെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തം ഇല്ലാത്ത കാര്യങ്ങളില്‍ പരസ്യ പ്രസ്താവന നടത്താന്‍ പാടില്ല. എല്ലാവരും വിദ്യാഭ്യസ നയത്തെ വിമര്‍ശിക്കാന്‍ പോയാല്‍ അത് ബുദ്ധിമുട്ടാകുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ കോവിഡ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ എതിര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. അധ്യാപകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ട എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

എസ്.എസ്.എല്‍.സി ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചതില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്. നോണ്‍ ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ക്ക് ചോയ്‌സ് കുറച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്-സി.പി.ഐ അനുകൂല അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണലൈനായി തന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കും.