മരടിലെ ഫ്‌ളാറ്റുകളില്‍ മോഷണം നടന്നതായി ഉടമകള്‍

മരടിലെ ഫ്‌ളാറ്റുകളില്‍ മോഷണം നടന്നെന്ന ആരോപണവുമായി ഫ്ളാറ്റുടമകള്‍ രംഗത്ത്. തങ്ങളുടെ ഫ്ലാറ്റുകളില്‍ നിന്ന് എ സി ഉള്‍പ്പെടെ മോഷണം പോയതായി ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ചുമതലയുള്ള കമ്പനികള്‍ സഹകരിക്കുന്നില്ലെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചു. ഫ്‌ളാറ്റുകളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഉടമകളെത്തിയപ്പോഴാണ് സാധനങ്ങള്‍ മോഷണം പോയ വിവരം അറിഞ്ഞത്.

ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മരട് നഗരസഭ ഉദ്യോസ്ഥരുടെ സാന്നിദ്ധ്യത്തില്‍ സാധനങ്ങള്‍ മാറ്റാമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് ഉടമകള്‍ ഫ്‌ളാറ്റുകളിലെത്തിയത്. സാധനങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാര നിര്‍ണയ സമിതിക്ക് പരാതി നല്‍കി. ഇതേതുടര്‍ന്നാണ് എയര്‍ കണ്ടീഷനറുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി ലഭിച്ചത്.

Read more

ഇതിനിടെ ഏഴ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാര നിര്‍ണയ സമിതി ഇന്നലെ ശിപാര്‍ശ ചെയ്തു. ഇതോടെ 227 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയായി.