കേരള - കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കാറ്റിന് സാദ്ധ്യത

കേരള- കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. തെക്ക് കിഴക്കന്‍ അറബിക്കടല്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലും കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരള- കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read more

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും, കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്.