മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; തങ്ങളുടെ ഏക ആശ്രയമാണ് പോയതെന്ന് മരിച്ച വിക്ടറിന്റെ മകൾ

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. അതേസമയം ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് വിക്ടറിന്റെ മകൾ പ്രതികരിച്ചു. അതിനുള്ള നടപടി സ്വീകരിക്കണമെന്നും മകള്‍ പറഞ്ഞു. തങ്ങളുടെ കുടംബത്തിലെ ഏക തുണയാണ് നഷ്ടമായിരിക്കുന്നത്, മറ്റൊരും തങ്ങൾക്കില്ലെന്നും മകൾ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുംവഴി ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്.

അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ചിന്തധിര എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ നേരത്തെയും വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചിരുന്നു.