കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശനോടൊപ്പം മന്ത്രിമാരായി സ്ഥാനമേറ്റവരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ആദ്യ ജയത്തിൽ തന്നെ മന്ത്രിപദം ലഭിച്ചവരും. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ജയിച്ച് എംഎൽഎ ആയവരും കന്നിയങ്കത്തിൽ തന്നെ വിജയക്കൊടി പാറിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഒ.ജെ. ജനീഷ്, അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ, എം. ലിജു, സിപി ജോൺ, ബിന്ദുകൃഷ്ണ, കെ.എ.തുളസി എന്നിവരാണ് നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിലെ ആദ്യജയത്തിൽ തന്നെ മന്ത്രിസ്ഥാനം ലഭിക്കുന്നത്.
രാഷ്ട്രീയപ്രവർത്തനത്തിലും സമരപോരാട്ടങ്ങളിലും സജീവമായിരുന്നുവെങ്കിലും ഒ.ജെ.ജനീഷിനെ പദവികളും സ്ഥാനങ്ങളും അപ്രതീക്ഷിതമായാണ് തേടിയെത്തിയത്. ആദ്യ അങ്കത്തിൽ തന്നെ മന്ത്രിപദത്തിലെത്തിയ യുവനേതാവായ ജനീഷ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. കൊടുങ്ങല്ലൂരിൽ 65,162 വോട്ടുകൾ നേടിയാണ് ജനീഷ് വിജയക്കൊടി പാറിച്ചത്. സിറ്റിങ് എംഎൽഎയായ വി.ആർ. സുനിൽ കുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് പരാജയപ്പെടുത്തിയത്.
കളമശേരിയിൽ നിന്ന് വൻ അട്ടിമറി വിജയവുമായി നിയമസഭയിലെത്തിയ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി. രാജീവിനോട് പരാജയപ്പെട്ടെങ്കിലും കടുത്ത പോരാട്ടം നടന്ന 2026-ലെ തെരഞ്ഞെടുപ്പിൽ മന്ത്രി പി. രാജീവിനെത്തന്നെ അട്ടിമറിച്ചാണ് അബ്‌ദുൽ ഗഫൂർ നിയമസഭാംഗമായതും ആദ്യമായി മന്ത്രിപദവിയിലേക്ക് എത്തിയതും. മലബാറിന് പുറത്ത് ആകെയുള്ള ലീഗ് എംഎൽഎ കൂടിയാണ് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻ്റെ മകൻ കൂടിയായ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ.
തിരഞ്ഞെടുപ്പു പരാജയങ്ങളുടെ തുടർക്കഥകളിൽനിന്ന് കായംകുളത്ത് ഉജ്ജ്വലവിജയം നേടിയാണ് എം. ലിജു മന്ത്രി സ്ഥാനത്തേക്കെത്തിയത്. മൂന്ന് തുടർപരാജയങ്ങൾക്ക് ശേഷം കായംകുളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ സിറ്റിങ് എം.എൽ.എ യു. പ്രതിഭയെ അട്ടിമറിച്ചാണ് ലിജു തന്റെ കന്നി നിയമസഭാ വിജയം സ്വന്തമാക്കിയത്.
സിപി ജോൺ ഇത്തവണ ആദ്യമായാണ് എംഎൽഎയും മന്ത്രിയും ആകുന്നത്. എംവി രാഘവന് ശേഷം സിഎംപിയെ പ്രതിനിധീകരിക്കുന്ന നിയമസഭയിലെ ആദ്യഅംഗം കൂടിയാണ് സിപി ജോൺ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു ജോണിന്റെ രാഷ്ട്രീയ പ്രവേശം. തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സിപിഎം സ്ഥാനാർഥി സുധീർ കരമനെയെയാണ് സിപി ജോൺ തോൽപ്പിച്ചത്.
കേരളത്തിലെ കോൺഗ്രസിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊന്നായ ബിന്ദു കൃഷ്ണയും എം.എൽ.എയായ ആദ്യ അവസരത്തിൽത്തന്നെ മന്ത്രിയാകുന്നു എന്ന നേട്ടം സ്വന്തമാക്കി. 2011-ൽ ചാത്തന്നൂരിൽനിന്ന് നിയമസഭയിലേക്കും 2014-ൽ ആറ്റിങ്ങലിൽ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. നിലവിൽ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗമായ അവർ, കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായി ഒരു ഡി.സി.സി.യുടെ (കൊല്ലം) പ്രസിഡന്റായ വനിത കൂടിയാണ്.
മൂന്ന് വനിതാനേതാക്കൾ കളത്തിലിറങ്ങിയ സംസ്ഥാനത്തെ ഏകമണ്ഡലമായ കോങ്ങാട് ചരിത്രനേട്ടവുമായാണ് കെ.എ. തുളസി നിയമസഭാംഗമാവുന്നത്. സിറ്റിംഗ് എംഎൽഎ ആയ അഡ്വ. കെ ശാന്തകുമാരിയെ പരാജയപ്പെടുത്തിയായിരുന്നു ജയം. മുൻപ് നിയമസഭയിലേക്കുൾപ്പെടെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ മന്ത്രിസഭയിലെ രണ്ടാമത്തെ വനിതാ അംഗമായാണ് തുളസി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Read more
രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എപി അനിൽകുമാർ, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.







