വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗമായി; മുഖ്യമന്ത്രിയെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്രവിജയം കുറിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.

കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സർക്കാർ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടതുമുന്നണി പ്രാധാന്യം നൽകിയിരുന്നു. ഇതൊക്കെയാണ് ഇടതുമുന്നണിയെ വിജയിപ്പിച്ചതെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

തവനൂരിൽ താൻ പിടിച്ച വോട്ടുകളെല്ലാം സ്വന്തം പ്രവർത്തനത്തിന്റെ ഫലമെന്നും തവനൂർ യു.ഡി.എഫ് എഴുതിത്തള്ളിയ മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.

‍ജലീലിന്റെ ഭൂരിപക്ഷം കുറഞ്ഞത് പോരാട്ടത്തിന്റേ തീവ്രത വ്യക്തമാക്കുന്നുവെന്നും ഫിറോസ് അവകാശപ്പെട്ടു.

3066 വോട്ടുകൾക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി തവനൂരിൽ കെടി ജലീൽ വിജയിച്ചത്.

2016ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരിൽ നിന്ന് നിയമസഭയിലെത്തിയത്.