സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ്‌.ഐ.ആര്‍

മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പുറത്ത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ് ഐആറില്‍ പറയുന്നു. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്.

ഭരണഘടനയെ അധിക്ഷേപിച്ച സംഭവം വിവാദമായതോടെ സജി ചെറിയാന്‍ ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല.

മന്ത്രി സ്ഥാനം രാജിവെച്ചത് തന്റെ സ്വതന്ത്ര തീരുമാനമാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത്. പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന പ്രചാരണം വേദനിപ്പിച്ചു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ലെന്നും സജി ചെറിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്‍ രാജിവെച്ചെങ്കിലും പുതിയ മന്ത്രി വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം. ഫിഷറീസ്, സാംസ്‌കാരിക വകുപ്പുകള്‍ കൂടി തല്‍ക്കാലം മുഖ്യമന്ത്രി നോക്കും.