ജ്വല്ലറി തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്റെ വീട്ടിൽ പൊലീസ് പരിശോധന, രേഖകള്‍ കസ്റ്റഡിയിലെടുത്തു

ജ്വല്ലറിയുടെ പേരിൽ പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചുവെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീന്റെ വീട്ടിൽ ചന്ദേര പൊലീസ് പരിശോധന നടത്തി. ചന്ദേര പൊലീസ് സ്റ്റേഷനിൽ ആകെ കിട്ടിയ 12 പരാതികളിൽ 7 എണ്ണം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ചിനു കൈമാറി. ശേഷിച്ച 5 എണ്ണമാണ് ചന്ദേര പൊലീസ് അന്വേഷിക്കുന്നത്. ഈ കേസുകളുടെ ഭാഗമായിട്ടായിരുന്നു പരിശോധന. രേഖകള്‍ കസ്റ്റഡിയിലെടുത്തു.

ജ്വല്ലറി ചെയർമാനായ എം.സി. കമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലുള്ള വീടും ജ്വല്ലറി മാനേജിംഗ് ഡയറക്ടർ പി.കെ.പൂക്കോയ തങ്ങളുടെ ചന്ദേര പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള വീട്ടിലുമാണ് പരിശോധന നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. ചന്ദേര സിഐ പി. നാരായണന്റെ നേതൃത്വത്തിൽ ഇന്നു രാവിലെയായിരുന്നു പരിശോധന.

അതേസമയം ജ്വല്ലറിയില്‍ പണം നിക്ഷേപമായി നല്‍കിയവര്‍ക്ക് നാലുമാസത്തിനകം തിരിച്ചുനല്‍കുമെന്ന് എം സി കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു. താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പണം തിരികെ നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കമറുദ്ദീന്‍  പറഞ്ഞു. മുസ്ലിം ലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേർ  നിക്ഷേപമായി നൽകിയ 73 ലക്ഷം എംഎല്‍എ തട്ടിയെന്നാണ് കേസ്.

കാസർഗോഡ്  ടൗൺ പൊലീസാണ് ഉദുമ സ്വദേശികളായ അഞ്ച് പേരുടെ പരാതിയിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം സി കമറുദ്ദീനും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചന കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ ഇരുവർക്കുമെതിരായ വഞ്ചന കേസുകളുടെ എണ്ണം 13 ആയി. മുസ്ലീം ലീഗ് ഉദുമ പടിഞ്ഞാറ് ശാഖ പ്രസിഡന്‍റ് മുഹമ്മദ് ഷാഫിയിൽ നിന്ന് 10 ലക്ഷവും, മുഹമ്മദ് കുഞ്ഞിയിൽ നിന്ന് 35 ലക്ഷവും അബ്ദുള്ള മൊയ്തീൻ കുഞ്ഞിയിൽ നിന്ന് 3 ലക്ഷവും കെ കെ മുഹമ്മദ് ഷാഫിയിൽ നിന്ന് 15 ലക്ഷവും അസൈനാർ മൊയ്തീൻ കുട്ടിയിൽ നിന്ന് 10 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാറാണ്  അന്വേഷണ സംഘത്തലവൻ. ചന്ദേര, കാസർകോട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ് ഐ ആർ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.