ഇന്ധന സെസ് വര്‍ദ്ധനയില്‍ അന്തിമ തീരുമാനം ഇന്നറിയാം; കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും, എല്‍.ഡി.എഫില്‍ രണ്ടഭിപ്രായം

ബജറ്റ് പ്രഖ്യാപനത്തില്‍ വിവാദമായ ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതില്‍ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. ബജറ്റിന്‍മേലുളള പൊതുചര്‍ച്ചയിലാകും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിലപാട് വ്യക്തമാക്കുക. രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എല്‍ഡിഎഫിലെ ആദ്യ ചര്‍ച്ചകള്‍. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ രണ്ടാഭിപ്രായം ഉണ്ട്.

പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാല്‍ കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചര്‍ച്ച. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുമുണ്ട്.

സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കും. അതേസമയം, സെസ് നില നിര്‍ത്തി ഭൂമിയുടെ ന്യായ വില വര്‍ദ്ധന 20 ശതമാനത്തില്‍ നിന്ന് പത്താക്കി കുറക്കുന്നതും ചര്‍ച്ചയില്‍ ഉണ്ട്.

ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചു. രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതില്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ പ്രതിഷേധമില്ലെന്നും രാഷ്ട്രീയമായ പ്രതിഷേധം മാത്രമാണുള്ളത്. എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം.