ദേശീയപാതയിലെ കുഴിയില്‍ വീണു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കൊച്ചിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. അങ്കമാലിയ്ക്കടുത്ത് അത്താണിയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പറവൂര്‍ സ്വദേശി ഹാഷിം ആണ് മരിച്ചത്. അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’യുടെ ഉടമയാണ് മരിച്ച ഹാഷിം. ജോലി കഴിഞ്ഞ് മടങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലെ കുഴിയില്‍ വീണ ഹാഷിമിനുമേല്‍ ഒരു ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. അപകടത്തിന് പിന്നാലെ റോഡിലെ കുഴിയെല്ലാം അധികൃതരെത്തി അടച്ചെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

അതേസമയം ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി പൊതുപ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. റോഡിലെ കുഴികളടക്കേണ്ട ഉത്തരവാദിത്തം ടോള്‍ പിരിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കുണ്ട്. അത് ചെയ്തില്ലെങ്കില്‍ അധികൃതര്‍ ചെയ്യിക്കണമെന്നും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് പറഞ്ഞു.

അപകടമരണത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതര്‍ക്കെതിരെയും കോണ്‍ട്രാക്ടര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.