കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നത് ഭീരുക്കള്‍; റഫീഖ് അഹമ്മദിന് പിന്തുണയുമായി ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ (കെ-റെയില്‍)സോഷ്യല്‍ മീഡിയയില്‍ കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ  ഫെഫ്ക

റൈറ്റേഴ്‌സ് യൂണിയന്‍ റഫീഖിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നത് ഭീരുക്കളാണെന്ന് ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാര്‍ത്തക്കുറിപ്പ്

ഒരു കവിത എഴുതിയതിന്റെ പേരില്‍ ഹീനമായ സൈബര്‍ ആക്രമണം നേരിടുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അംഗം ശ്രീ റഫീഖ് അഹമ്മദിനോട് ഐക്യദാര്‍ഢ്യം. കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നത് ഭീരുക്കളാണ്. റഫീഖ് പറഞ്ഞത് പോലെ അവരോട് സഹതാപം മാത്രം. പ്രിയ റഫീഖ് യാത്ര തുടരുക, ഒപ്പമുണ്ട് ഞങ്ങള്‍ .

എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍’ എന്നു തുടങ്ങുന്നതാണു റഫീഖിന്റെ കവിത.

ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമര്‍ശന കമന്റുകളില്‍ ഭൂരിഭാഗവും പറയുന്നത്. പിന്നാലെ ‘സില്‍വര്‍ ലൈന്‍ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബര്‍ ആക്രമണങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല’ എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.