സര്‍ക്കാരിന്റെ അധികാരഗര്‍വ്വിനെയും, കോര്‍പ്പറേറ്റുകളെയും കര്‍ഷകര്‍ ചെറുത്തുതോല്‍പ്പിച്ചു: കെ.എന്‍ ബാലഗോപാല്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ത്യന്‍ കര്‍ഷകന്റെ സമര വീര്യത്തിനു മുന്നില്‍ കേന്ദ്ര സർക്കാർ മുട്ടുമടക്കിയിരിക്കുന്നു. സര്‍ക്കാരിന്റെ അധികാരഗര്‍വ്വിനെയും കോര്‍പ്പറേറ്റുകളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ കര്‍ഷകന്റെ സഹനസമരത്തിന് സാധിച്ചിരിക്കുന്നു. വിജയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കെ.എന്‍ ബാലഗോപാലിന്റെ കുറിപ്പ്:

ഇന്ത്യന്‍ കര്‍ഷകന്റെ സമര വീര്യത്തിനു മുന്നില്‍ കേന്ദ്ര ഗവണ്‍മെന്റ് മുട്ടുമടക്കിയിരിക്കുന്നു.
സര്‍ക്കാരിന്റെ അധികാരഗര്‍വ്വിനെയും കോര്‍പ്പറേറ്റുകളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ കര്‍ഷകന്റെ സഹനസമരത്തിന് സാധിച്ചിരിക്കുന്നു.
ഒരു വര്‍ഷമായി കര്‍ഷകര്‍ നടത്തി വരുന്ന സമരത്തിന്റെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്.

സമരത്തിന്റെ ആദ്യഘട്ടം മുതല്‍ അതിന്റെ ഭാഗമാവുകയും, ഡല്‍ഹിയില്‍ ഉള്‍പ്പെടെ ക്യാമ്പ് ചെയ്ത് മഹാ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ചെയ്ത ഒരു കര്‍ഷക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അങ്ങേയറ്റം അഭിമാനത്തോടെ ഈ വിജയത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ നിന്നും സമരഭടന്മാര്‍ ബസ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് പോയതും, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സത്യാഗ്രഹത്തിന്റെ നേതൃനിരയുടെ ഭാഗമായതുമെല്ലാം ആവേശകരമായ അനുഭവങ്ങളായിരുന്നു. ഡല്‍ഹിയിലെ സമരത്തിന്റെ തുടര്‍ച്ചയായി കേരളത്തിലെമ്പാടും കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ഈ വിജയം രാജ്യത്തെ പൊരുതുന്ന മനുഷ്യരുടെ വിജയമാണ്. ജനങ്ങളുടെ ഐക്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ജനവിരുദ്ധ ഗവണ്‍മെന്റുകള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല എന്ന സന്ദേശമാണ് ഈ സമരവിജയം വിളംബരം ചെയ്യുന്നത്.
സമര ഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍.