കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജവാര്‍ത്ത; കൈരളി ന്യൂസിനെതിരെ നിയമനടപടി

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൈരളി ന്യൂസ് ചാനൽ നൽകിയ  വാർത്ത വ്യാജമാണെന്ന് ആരോപിച്ച് നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. തീർത്തും അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കൈരളി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്ന് “ചന്ദ്രിക” റിപ്പോർട്ട് ചെയ്തു. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ.

കൈരളി ചാനലിൽ വന്ന വാർത്ത ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജാമ്യം ലീഗ്-ആര്‍എസ്എസ് ധാരണയുടെ ഫലമാണെന്നും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് കുഞ്ഞാലിക്കുട്ടിയാണെന്നുമാണ് കൈരളി ചാനൽ വാർത്ത നൽകിയിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മന്ത്രി കെ ടി ജലീലിനെതിരായ സമരം ഖുർആൻ വിരുദ്ധ സമരമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും. ഈ ശ്രമവും പരാജയപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി പാർട്ടി ചാനൽ രംഗത്ത് വരുന്നത് എന്നുമാണ് ലീഗ് ആരോപിക്കുന്നത്.