ടി.പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് വ്യാജസന്ദേശം

മുന്‍ ഡി.ജി.പി, ടി.പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജസന്ദേശം വന്നതായി റിപ്പോർട്ട്. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ വന്ന സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു.

ടി.പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, ഉടന്‍ രക്ഷിക്കണം എന്നായിരുന്നു സന്ദേശം. തുടർന്ന് തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തുകയും കാനാട്ടുകര മേഖലയിലെ ഫ്ലാറ്റില്‍ നിന്നാണ് ഫോണ്‍കോൾ വന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു.

ഇവിടെയുള്ള ഫ്ലാറ്റുകളിലെല്ലാം പൊലീസ് പരിശോധന നടത്തി. ഫ്ലാറ്റുകളില്‍ അന്വേഷണം നടത്തിയതിനൊപ്പം കോൾ വന്ന ഫോണ്‍ നമ്പറും പൊലീസ് പിന്തുടര്‍ന്നു. താമസിയാതെ കാനാട്ടുകരയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. പൊലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.