ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുന്നില്ല; ഇടുക്കി ബിഷപ്പിനെ വധിക്കണമെന്ന ആവശ്യവുമായി സി.പി.എം നേതാവിന്റെ പേരില്‍ വ്യാജമെയില്‍

ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ വധിക്കണമെന്ന ആഹ്വാനവുമായി സിപിഎം നേതാവിന്റെ പേരില്‍ വ്യാജ ഇമെയില്‍. ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കാത്ത രാഷ്ട്രീയ നിലപാട് എടുത്തതിന് ബിഷപ്പിനെ കൊല്ലണമെന്നും ഇതിനായി മന്ത്രി എം. എം മണിയുടെ സഹായം അഭ്യര്‍ത്ഥിച്ചുമാണ് മെയില്‍.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗീസിന്റെ പേരില്‍ ഇമെയില്‍ പ്രചരിച്ചിരിക്കുന്നത് വ്യാജ ഇമെയിലാണെന്നും പ്രചാരണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നും സി.വി. വര്‍ഗീസ് പ്രതികരിച്ചു. സംഭവത്തില്‍ പിന്നീട് പ്രതികരിക്കാമെന്നും മന്ത്രി മണി അറിയിച്ചു. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും വര്‍ഗീസ് പരാതി നല്‍കി. വ്യാജ മെയിലാണു പ്രചരിക്കുന്നതെന്നും അയര്‍ലന്‍ഡില്‍ നിന്നുമാണു അയച്ചിരിക്കുന്നതെന്നു കണ്ടെത്തിയതായും, ഇന്റര്‍പോള്‍ വഴി വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

പൊലീസും ഇന്റലിജന്‍സും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി. കട്ടപ്പന ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ഇടുക്കി മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വിജയം അത്ര എളുപ്പമല്ലെന്നും രൂപതയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാന്‍ ഇടയില്ലാത്തതിനാല്‍ ബിഷപ്പിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ക്രമീകരണം ചെയ്യാമെന്നുമാണു മെയിലിന്റെ ഉള്ളടക്കം.