കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ വെച്ച് ദുരനുഭവം, രണ്ട് ചെറുപ്പക്കാർ പിന്തുടർന്ന് ശല്യം ചെയ്തു; വെളിപ്പെടുത്തലുമായി മലയാളത്തിലെ യുവനടി

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വെച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനം തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രമുഖ നടി. രണ്ട് ചെറുപ്പക്കാർ തന്റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നെന്ന് താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നുപറച്ചിൽ.

കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഹൈപ്പർ മാർക്കറ്റിൽ നിൽക്കുകയായിരുന്നു നടിയുടെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ തന്റെ ശരീരത്തിന്റെ പിൻഭാ​ഗത്തായി സ്പർശിച്ചു എന്നാണ് താരം പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും പ്രതികരിക്കാൻ പോലുമായില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. താൻ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവർ ശ്രദ്ധിക്കാത്തതു പോലെ നിന്നു.

വ്യാഴാഴ്​ച രാത്രിയാണ് ഇതു സംബന്ധിച്ച ഇൻസ്റ്റ​ഗ്രാമിൽ പോസ്​റ്റിട്ടത്​. ഇതു സംബന്ധിച്ച് പരാതി നൽകാനില്ല. പൊതുസ്​ഥലങ്ങളിൽ ആളുകളോട് ഈ രീതിയിൽ​ പെരുമാറുന്നവരുടെ മുഖത്തടിക്കേണ്ടതാണെന്നും അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇവർ വ്യക്തമാക്കി.