സംസ്ഥാന എന്‍.സി.പിയില്‍ പൊട്ടിത്തെറി തുടരുന്നു; ചാക്കോയ്‌ക്ക് എതിരായ അമര്‍ഷത്തില്‍ ട്രഷറര്‍ രാജിവെച്ചു

എന്‍സിപി സംസ്ഥാന കമ്മിറ്റിയിലെ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്‌ക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി ദേശീയ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായ എന്‍ എ മുഹമ്മദ് കുട്ടി സ്ഥാനം രാജിവെച്ചു. പാര്‍ട്ടിയിലെ പ്രത്യേക സാഹചര്യത്തില്‍ താന്‍ സ്ഥാനം രാജിവെയ്ക്കുന്നുവെന്നാണ് മുഹമ്മദ് കുട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഘടകകക്ഷിയായ എന്‍സിപിക്ക് ലഭിച്ച ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഏകകണ്ഠമായി പ്രസിഡന്റ് തീരുമാനമെടുത്തുവെന്നാണ് ഉയരുന്ന പരാതി. ഇതാണ് മുഹമ്മദ്കുട്ടിയെ പ്രകോപിപ്പിച്ചത്. നേരത്തെ മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ പിസി ചാക്കോയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞ് ചാക്കോയെ ആക്രമിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാവ് പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.

നേരത്തെ ചാക്കോയുടെ നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി കെ ഉണ്ണികൃഷ്ണനും അനുയായികളും പാര്‍ട്ടി വിട്ടിരുന്നു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചാക്കോ അനുകൂലിയായ റെജി ചെറിയാനെ ഉള്‍പ്പെടുത്തിയപ്പോള്‍ ചോദ്യം ചെയ്ത എന്‍എ മുഹമ്മദ് കുട്ടി, ജോസ് മോന്‍, വര്‍ക്കല രവികുമാര്‍ എന്നിവരെ കോര്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പാര്‍ട്ടിക്ക് ലഭിച്ച വനം വികസന ബോര്‍ഡ് അദ്ധ്യക്ഷ സ്ഥാനം ചാക്കോയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് വന്ന ലതിക സുഭാഷിന് നല്‍കിയതില്‍ വലിയ അമര്‍ഷമാണ് സംസ്ഥാന- ജില്ലാ നേതാക്കള്‍ക്കുള്ളത്. ഇത്തരത്തില്‍ വലിയ പ്രതിഷേധം പാര്‍ട്ടി അദ്ധ്യക്ഷനെതിരെ ഉയരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച എന്‍സിപി നേതൃയോഗം ചേരും.