മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂനിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയായും ചുമതലയിലിരുന്നിട്ടുള്ള ഇ. ചന്ദ്രശേഖരണനാണ് മാവേലി സ്റ്റോര്‍ റീട്ടെയില്‍ ശൃംഖല ആദ്യമായി ആരംഭിച്ചത്.

പത്താം നിയമസഭയില്‍ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. നിരവധി തവണകളായി ഭക്ഷ്യ പൊതുവിതരണ മന്ത്രി, നിയമമന്ത്രി, ടൂറിസം മന്ത്രി എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഇ ചന്ദ്രശേഖരന്‍ നായര്‍ കേരളത്തില്‍ ജീവിച്ചിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ്. സി.പി.ഐ.യുടെ ദേശീയ നിര്‍വാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് കൊല്ലം ശാന്തികവാടത്തില്‍ നടക്കും.

ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ നായര്‍ രാഷ്ട്രീയത്തിലെത്തിയത്. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമെത്തി. സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ ആള്‍ ഇന്ത്യ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്റെ ചെയര്‍മാന്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ വൈസ് പ്രസിഡന്റ്, പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ കേന്ദ്രകമ്മിറ്റി അംഗം, റസര്‍വ് ബാങ്കിന്റെ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്) രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ഇ ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. സഹകരണ സംഘങ്ങളെ സഹകരണബാങ്കായി ഉയര്‍ത്തി സഹകരണബാങ്കിങ് മേഖലയ്ക്ക് രൂപം നല്‍കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ഇന്ന് സാധാരണ ജങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സഹകരണ ബാങ്കിങ് മേഖലയിലും വലിയ സംഭാവനകള്‍ നല്‍കി