"എടീ രമേ നീ വീണ്ടും കളിതുടങ്ങിയല്ലേ, ഇത് നിനക്കുള്ള അവസാനത്തെ താക്കീതാണ് " കെ.കെ രമയ്ക്ക് ഭീഷണിക്കത്ത്

വടകര എം എല്‍ എ കെ കെ രമക്ക് ഭീഷണിക്കത്ത്. നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കെ കെ രമ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാശ്യപ്പെട്ടാണ് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ രമക്ക് ഭീഷണിക്കത്ത് വന്നത്. കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നാണ് കത്തിലുള്ള ഭീഷണി.

കയ്യൊടിഞ്ഞു കാലൊടിഞ്ഞു എന്നൊക്കെ പറഞ്ഞ സഹതാപം പിടിച്ചു പറ്റാന്‍ നോക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ഒരുമാസത്തെ അവധി അവസാനമായി തരുന്നവെന്നും അടുത്തമാസം 20 ആം തീയതിക്കുള്ളില്‍ തിരുമാനം നടപ്പാക്കുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. പറഞ്ഞാല്‍ പറഞ്ഞ് പോലെ ചെയ്യുന്ന പാര്‍ട്ടിയാണെന്നു നിനക്ക് നല്ലത് പോലെ അറിയാമല്ലോ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Read more

ഭീഷണിക്കത്ത് കെ കെ രമ ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്. നിയമസഭക്കുള്ളില്‍ സംഘര്‍ഷത്തിനിടയില്‍ കെ കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. സി പി എമ്മിന്റെ സൈബര്‍ സേനകള്‍ കെ കെ രമയെ ഇക്കാര്യത്തില്‍ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കെയാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് വരുന്നത്.