എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്; ആശങ്ക ഉയരുന്നു

കോവിഡ് വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ എറണാകുളത്ത് ആശങ്ക വർദ്ധിപ്പിച്ച് ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും രോ​ഗം സ്ഥിരീകരിച്ചു. ജില്ലാ ജനറൽ ആശുപത്രിയിലെ സൈക്കാട്രി വിഭാഗം ഡോക്ടർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

നേരത്തേ ജനറൽ ആശുപത്രിയിൽ ചെല്ലാനത്തു നിന്നുള്ള കോവിഡ് രോഗി എത്തിയതിനെ തുടർന്ന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പടെ 76 പേർ ക്വാറന്റൈനിൽ പോയിരുന്നു.

എന്നാൽ രോഗം സ്ഥിരീകരിച്ച വ്യക്തി ഇദ്ദേഹത്തിന്റെ വകുപ്പിൽ എത്തിയിരുന്നില്ല. ഇതോടെ കോട്ടയം സ്വദേശിയായ ഡോക്ടർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.

ഇദ്ദേഹവുമായി അടുത്തിടപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.. ആശുപത്രി ജീവനക്കാരടക്കം നിരവധി പേർ ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് കേന്ദ്രം ആക്കിയിട്ടുള്ളതിനാൽ മറ്റ് രോഗങ്ങളുടെ ചികിത്സകളെല്ലാം നടത്തുന്നത് ജനറൽ ആശുപത്രിയിലാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്