വന്ദേഭാരതിനോട് വിരോധമില്ല, അതൊരു സാധാരണ ട്രെയ്ന്‍.. കെ-റെയിലിന് പകരമാവില്ല: ഇ.പി ജയരാജന്‍

വന്ദേഭാരത് ട്രെയ്‌നോട് വിയോജിപ്പില്ലെന്ന് ഇ.പി ജയരാജന്‍. മനോരമ ന്യൂസിനോടാണ് മന്ത്രി പ്രതികരിച്ചത്. യാത്രക്ക് സൗകര്യമാണെന്ന് തോന്നിയാല്‍ അതില്‍ യാത്ര ചെയ്യും. സാധാരണ ട്രെയ്‌നായി കണ്ടാല്‍ മതിയെന്നുമാണ് ഇ.പി പറയുന്നത്.

”വന്ദേഭാരതിനോട് എനിക്ക് വിരോധമൊന്നുമില്ല. എനിക്ക് അതാണ് സൗകര്യമെങ്കില്‍ ഞാന്‍ അതില്‍ കയറും. ഈ റെയില്‍ പാളത്തിലൂടെ ഈ ട്രെയ്‌നിന് ഓടാന്‍ സാധിക്കില്ല. വന്ദേഭാരതിനെ ഒരു സാധാരണ ട്രെയ്ന്‍ എന്ന നിലയിലേ പരിഗണിക്കണ്ടതുള്ളു.”

”സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള ഒരു ട്രെയ്ന്‍. അതില്‍ കവിഞ്ഞ് വേഗത്തില്‍ എത്തിച്ചേരാനോ, കെ റെയിലിന് പകരമാകാനോ ഒരു തരത്തിലും ഈ ട്രെയ്‌നിന് സാധിക്കില്ല” എന്നാണ് ഇ.പി പറയുന്നത്.

അതേസമയം, വന്ദേഭാരതിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍ഗോഡ് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. ട്രെയ്ന്‍ സര്‍വ്വീസ് കാസര്‍ഗോഡ് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് കാസര്‍ഗോഡ് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയ്ന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴ് മണിക്കൂറിനുള്ളില്‍ ട്രെയ്ന്‍ എത്തിക്കാനാണ് ശ്രമം.