ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു

എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എൻഫോഴ്സ്മെൻ്റ് ചന്തേര പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്‍റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതൽ കേസുകളുള്ളത്.

ഫാഷൻ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി ഡയറക്ടർമാരുടെ വിവരങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശേഖരിച്ചു. 42 ഡയറക്ടർമാരുടെ വിവരങ്ങളാണ് ശേഖരിച്ചത്. തട്ടിപ്പ് സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് മദ്ധ്യസ്ഥന്‍ കല്ലട മാഹിൻ ഹാജി ഇന്ന് റിപ്പോർട്ട് കൈമാറും, ആസ്തി സംബന്ധിച്ച വിവരങ്ങളെല്ലാം കിട്ടട്ടെയെന്നാണ് മാഹിൻ ഹാജി പറയുന്നത്.

അതേസമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് വീണ്ടും ലോക്കല്‍ പൊലീസിന് കൈമാറി. മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാവും ഇനി കേസ് അന്വേഷിക്കുക. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്ന 13 കേസുകളുടെ ഫയലുകള്‍ പുതിയ സംഘത്തിന് കൈമാറി.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്നും ലോക്കല്‍ പൊലീസിന് തന്നെ കൈമറിയത്. കാസര്‍ഗോ‍ഡ് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് എ.എസ്.പി വിവേക് കുമാര്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇത്രയധികം കേസുകള്‍ ഒരുമിച്ച് അന്വേഷിക്കാനുളള സംവിധാനം ക്രൈം ബ്രാഞ്ചിനില്ലാത്തത് കൊണ്ടാണ് കേസ് ലോക്കല്‍ പൊലീസിന് തന്നെ കൈമാറിയത്. കമ്പനിയുടെ പേരില്‍ പുറത്ത് നിന്ന് ഷെയര്‍ പിരിച്ചതായും കടം സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ അടുത്ത ബന്ധുക്കളായ ചില മുന്‍ ജീവനക്കാര്‍ക്കും നിക്ഷേപ തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.