ഇ.എം.സി.സി- കെ.എസ്.ഐ.ഡി.സി ധാരണാപത്രം റദ്ദാക്കി; വിവാദം ഉണ്ടായതിനാലെന്ന് ഇ. പി ജയരാജന്‍

അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി അസന്റ് 2020-ൽ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രവും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. അയ്യായിരം കോടിരൂപയുടെ കരാറാണ് സർക്കാർ റദ്ദാക്കിയത്. ആഴക്കടൽ മത്സ്യബന്ധന കരാറുകൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജൻറെ നിർദേശപ്രകാരമാണ് നടപടി. ആറുമാസം കഴിഞ്ഞാൽ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സർക്കാരിന്റെ ഇതുവരെയുളള വിശദീകരണം.

വിവാദമുണ്ടായതിനാലാണ് ധാരണാപത്രം റദ്ദാക്കിയതെന്ന് മന്ത്രി ഇ പി ജയരാജന്‍ വിശദീകരിച്ചു. സ്ഥലം നല്‍കുന്നതിന് കരാര്‍ ഉണ്ടായിട്ടില്ലെന്നും പണമിടപാട് നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന വികസനത്തിനും പ്രചാരണത്തിനും നിക്ഷേപമിറക്കാൻ ഇഎംസിസിയുമായി കെഎസ്‌ഐഡിസി ഒപ്പിട്ട ധാരണാപത്രമാണ് ഇന്ന് റദ്ദാക്കിയത്. ഇഎംസിസിയും-കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണാപത്രമായിരുന്നു ഇത്. സർക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമായ ധാരണാപത്രമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇക്കാര്യത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടരുകയാണ്.

ചേർത്തല പളളിപ്പുറത്ത് ഇ എം സി സിക്ക് ഭക്ഷ്യസംസ്‌കരണ ശാലക്കായി നാലേക്കർ അനുവദിച്ച നടപടി ഇപ്പോഴും നിലനിൽക്കുകയാണ്. ഇതും റദ്ദാക്കണമെന്നതാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ, കമ്പനി ഫീസടക്കാത്തതിനാൽ ഭൂമി വിട്ടുനൽകിയ നടപടിക്ക് സാധുതയില്ല എന്നതാണ് സർക്കാരിന്റെ വിശദീകരണം.