വൈദ്യുതി നിരക്ക് കൂട്ടിയേക്കും; 10% വരെ വര്‍ദ്ധനയ്ക്ക് സാധ്യത, സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചേക്കും. പത്ത് ശതമാനം വരെ വര്‍ദ്ധന ഉണ്ടായേക്കുമെന്നാണ് സൂചന. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും, നിരക്ക് കൂട്ടേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ദ്ധന ആവശ്യപ്പെടും. എത്ര രൂപ കൂട്ടണമെന്നത് ബോര്‍ഡ് തീരുമാനിക്കും. ഇതു സംബന്ധിച്ചുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31 ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം അന്തിമ തീരുമാനം റഗുലേറ്ററി കമ്മീഷന്‍ അറിയിക്കും.

നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2022 ഏപ്രില്‍ ഒന്നിന് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരും. 2019 ജൂലൈ എട്ടിനാണ് അവസാനം നിരക്ക് കൂട്ടിയത്. അന്ന് ഏകദേശം 9 ശതമാനമായിരുന്നു നിരക്ക് വര്‍ദ്ധന.

അതേസമയം, വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനുള്ള കരടു മാര്‍ഗരേഖയിലെ വിവാദ വ്യവസ്ഥകള്‍ റഗുലേറ്ററി കമ്മിഷന്‍ പിന്‍വലിച്ചു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചത്. സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതു മാറ്റി വൈദ്യുതി ബോര്‍ഡിനും 10 വിതരണ ലൈസന്‍സികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ ഇതോടെ ഒഴിവാക്കി. വൈദ്യുതി മിച്ചമുള്ളപ്പോള്‍ കേരളത്തിന് പുറത്ത് വില്‍ക്കുന്നതിന് പകരം, ഇവിടെയുള്ള വാണിജ്യ-വ്യവസായ ഉപയോക്താക്കള്‍ക്ക് പവര്‍ എക്സ്ചേഞ്ചിലെ വിലയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

വിവാദ വ്യവസ്ഥകള്‍ പിന്‍വലിച്ചത് വൈദ്യുതി ബോര്‍ഡിനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ഗുണകരമാകും. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടനകളും ആരോപിച്ചിരുന്നു. ഇതോടെയാണ് പുനഃപരിശോധന നടത്തി വ്യവസ്ഥകളില്‍ റെഗുലേറ്ററി കമ്മീഷന്‍ മാറ്റം വരുത്തിയത്.