കനത്ത മഴ പെയ്തിട്ടും വൈദ്യുതി പ്രതിസന്ധി ഒഴിയാതെ കേരളം

ഒരാഴ്ച മഴ തകര്‍ത്തു പെയ്തിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അവസാനമായില്ല. പ്രധാന ഡാമുകളിലൊന്നും ജലനിരപ്പ് ഉയരാത്തതാണ് കാരണം. ഇടുക്കി ഡാമില്‍ 19 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. ഒരാഴ്ച ശക്തമായ മഴ ലഭിച്ചിട്ടും സംസ്ഥാനത്തിന് ആവശ്യമായ 66 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ അണക്കെട്ടുകളില്‍ കാര്യമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. 2,314 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 72 അടി വെള്ളം കുറവ്. വൈദ്യുതോത്പാദനം ഗണ്യമായി കുറച്ചാണ് കെ.എസ്.ഇ.ബി ഇടുക്കി ഡാമിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. ജില്ലയിലെ മറ്റ് ഡാമുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആനയിറങ്ങലിലുള്ളത് 4 ശതമാനം വെള്ളം. മാട്ടുപ്പെട്ടിയില്‍ 10 ശതമാനവും കുണ്ടളയില്‍ 16 ശതമാനവും. 46 ശതമാനം വെള്ളമുള്ള ലോവര്‍ പെരിയാറാണ് നിലവില്‍ ജില്ലയിലെ സമ്പന്നമായ ഡാം.

അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കാലവര്‍ഷം ദുര്‍ബലമായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 800 മില്ലി മീറ്റര്‍ മഴ മാത്രമാണ് ഇടുക്കിയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 2,000 മില്ലിമീറ്റര്‍ മഴ കിട്ടിയിരുന്നു.

മഴ നിമിത്തം വൈദ്യുത ഉപഭോഗം കുറഞ്ഞതും ഗ്രിഡില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടുന്നതുമാണ് പ്രശ്‌നങ്ങളില്ലാതെ പോകാന്‍ കെ.എസ്.ഇ.ബിയെ സഹായിക്കുന്നത്. എന്നാല്‍ മഴയൊഴിയുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന വൈദ്യുതിയില്‍ കുറവ് നേരിടുകയും ചെയ്താല്‍ സംസ്ഥാനം വീണ്ടും വൈദ്യുത പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തും.