'തെരുവില്‍ നേരിടും'; സര്‍വകലാശാല രജിസ്ട്രാര്‍ക്ക് എതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി

കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ ഭീഷണയുമായി ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ അനീസ് അഹമദാണ് ഭീഷണി പ്രസംഗം നടത്തിയത്. ഇടതു സംഘടന നേതാവിനെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നാണ് ഭീഷണി.

സിപിഎം അനുകൂല നേതാവിനെതിരെ വിസി സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍വലകലാശാലയില്‍ എംപ്ലോയീസ് അസോസിയേഷന്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഭീഷണി. സര്‍വകലാശാല ഗേറ്റ് കടന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും, തെരുവില്‍ നേരിടുമെന്നുമാണ് മുന്നറിയിപ്പ്.

സിപിഐ മന്ത്രിയായ കെ. രാജനെതിരെയും വിവാദ പ്രസംഗത്തില്‍ വിമര്‍ശനമുന്നയിച്ചു. സര്‍വലാശാലയിലെ ഇത്തരം നീക്കങ്ങള്‍ക്ക് വിസി നേതൃത്വം നല്‍കുമ്പോള്‍ അതിനു ചുക്കാന്‍ പിടിക്കുന്നത് കെ രാജനാണ്. കുരങ്ങന്റെ കൈയില്‍ പൂമാല കൊടുത്തത് മന്ത്രിയാണെന്നും അനീസ് പറഞ്ഞു.