പീഡന പരാതി പൊലീസിന് കൈമാറുമെന്ന് പ്രവര്‍ത്തക; വൈശാഖന് നേരെ കടുത്ത നടപടിയുമായി സിപിഎം; എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തും; പാര്‍ട്ടി അംഗത്വവും തുലാസില്‍

പാര്‍ട്ടി പ്രവര്‍ത്തക ഉയര്‍ത്തിയ പീഡന പരാതിയില്‍ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍വി വൈശാഖനെതിരെ നടപടി കടുപ്പിച്ച് സിപിഎം. പരാതി പൊലീസിന് കൈമാറുമെന്ന് യുവതി അറിയിച്ചതോടെയാണ് സിപിഎം നടപടികള്‍ വേഗത്തിലാക്കിയത്.

സംഘടനാഭാരവാഹിയുടെ പരാതിക്ക് വിധേയനായ വൈശാഖനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റും. ജില്ലാ കമ്മറ്റിയുടെ ഈ തീരുമാനം അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇതോടെ വൈശാഖന്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റപ്പെടും. കൊടകര സിപിഎം ഏരിയാകമ്മിറ്റി അംഗത്വവും നഷ്ടമാകും.

ഇന്നലെ വൈകീട്ട് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗമാണ് വൈശാഖന് നേരെ കടുത്ത നടപടിക്ക് തീരുമാനമെടുത്തത്. ഡിവൈഎഫ്‌ഐ ജില്ലയില്‍ ആരംഭിച്ച ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചത് എന്‍വി വൈശാഖനെയാണ്. എന്നാല്‍ ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു വനിതാഭാരവാഹി വൈശാഖനെതിരേ പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ച സിപിഎം, വൈശാഖനെ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ നിര്‍ബന്ധ അവധിയില്‍ പോകാനാണ് പാര്‍ട്ടി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് പ്രവര്‍ത്തക പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം നിര്‍ബന്ധിത അവധി നല്‍കിയ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന്‍ ഡിവൈഎഫ്ഐ ജാഥയുടെ ഉദ്ഘാടന ചടങ്ങിലെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും അവധിയിലായതിനാല്‍ ഡിവൈഎഫ്ഐയുടെ കാര്യങ്ങളില്‍ ഇടപെടരുെതന്നും നിര്‍ദേശം നല്‍കിയിരുന്നു.ഇതു ലംഘിച്ചാണ് വൈശാഖന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത്.

കൊടുങ്ങല്ലൂരില്‍നിന്ന് ആരംഭിച്ച കാല്‍നടജാഥയുടെ പതാക കൈമാറ്റച്ചടങ്ങിലാണ് വൈശാഖന്‍ പൊടുന്നനെ വേദിയിലെത്തിയത്. വേദിയിലുണ്ടായിരുന്നവര്‍ വൈശാഖനെ അവഗണിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസായിരുന്നു ഉദ്ഘാടകന്‍. പതാക കൈമാറുന്ന ചടങ്ങില്‍ മുന്‍നിരയിലേക്ക് വൈശാഖന്‍ എത്തിയെങ്കിലും വര്‍ഗീസ് കണ്ടതായി ഭാവിച്ചില്ല. അതിനുശേഷം പിന്നിലേക്ക് പോയ വൈശാഖന് പ്രസംഗിക്കാനും അവസരം നല്‍കിയില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം ഉടന്‍ വേദി വിട്ടു. വൈശാഖനെതിരേ പാര്‍ട്ടിക്ക് നല്‍കിയ പരാതി പോലീസിലും നല്‍കാനായി സമ്മര്‍ദമുണ്ട്. അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച വൈശാഖന്‍ ഉദ്ഘാടനച്ചടങ്ങിലെത്തിയതില്‍ പാര്‍ട്ടിയില്‍ എതിര്‍ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.