ദത്ത് വിവാദം: അനുപമയുടെ അച്ഛന് മുന്‍കൂര്‍ ജാമ്യമില്ല

ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ജയചന്ദ്രന് പുറമേ അനുപമയുടെ അമ്മ സഹോദരി, സഹോദരി ഭര്‍ത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിങ്ങനെ ആറ് പേരാണ് പ്രതികള്‍. ഇവര്‍ക്ക് നേരത്തെ ജാമ്യം നല്‍കിയിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍, അനുപമയെ തടങ്കലില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പേരൂര്‍ക്കട പൊലീസ് അച്ഛൻ ജയചന്ദ്രനെതിരെ കേസെടുത്തത്.

കുഞ്ഞിനെ അനുപമയുടെ അനുവാദത്തോടെയാണ് ഏല്‍പ്പിച്ചതെന്നായിരുന്നു ജയചന്ദ്രന്റെ വാദം. എന്നാല്‍ തന്റെ കുഞ്ഞിനെ തന്റെ അനുവാദമില്ലാതെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് അനുപമ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഉന്നതസ്വാധീനമുള്ള വ്യക്തി എന്ന് നിലയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാര്‍ കോടതയില്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ കോടതി ജയചന്ദ്രന് നിര്‍ദേശം നല്‍കിയട്ടുണ്ട്.

Read more

ഇന്നലെയാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ച് നല്‍കിയത്. കേസില്‍ ആരോപണവിധേയരായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. വകുപ്പ് തല അന്വേഷണത്തില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍.