'നരഭോജി കടുവയുടെ ദേഹത്തെ മുറിവുകൾക്ക് കാലപ്പഴക്കം'; മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയതെന്ന് സംശയം, പോസ്റ്റ്‌മോർട്ടം ചെയ്യും

പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ ദേഹത്തെ മുറിവുകൾക്ക് കാലപ്പഴക്കമുണ്ടെന്ന് ഡോ. അരുൺ സഖറിയ. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയതെന്ന് സംശയമുണ്ടെന്നും ഡോ. അരുൺ സഖറിയ പറഞ്ഞു. കടുവയെ പോസ്റ്റ്‌മോർട്ടം ചെയ്യും. കുപ്പാടിയിൽ വച്ചാണ് കടുവയുടെ പോസ്റ്റ്മോർട്ടം നടത്തുക.

ചത്തത് പെൺകടുവ ആണെന്നാണ് വിവരം. പെൺകടുവയ്ക്ക് ഏഴ് വയസിനടുത്ത് പ്രായം ഉണ്ട്. അതേസമയം ചത്തത് പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണെന്ന് സ്ഥിരീകരണം വന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച 38 ക്യാമറകളിലും പതിഞ്ഞത് ഇതേകടുവയുടെ ചിത്രങ്ങളാണ്. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച വെറ്റിനറി ഡോക്ടർ അരുൺ സഖറിയ ആണ് രാധയുടെ മരണത്തിന് കാരണമായ അതെ കടുവയാണ് ചത്തതെന്ന് എന്ന് സ്ഥിരീകരിച്ചത്.

കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. ഒരു വീടിനടുത്തുള്ള പറമ്പിലാണ് കടുവയുടെ ജഡം കണ്ടത്. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്നാണ് നിഗമനം. ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

Read more