മാതൃഭൂമി ന്യൂസ് ചാനലിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും സ്ഥാപനം വിടുന്നു

മാതൃഭൂമി ന്യൂസ് ചാനലിൽ നിന്ന് വീണ്ടും മുതിർന്ന മാധ്യമ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്. സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും ആണ് സ്ഥാപനം വിടുന്നത്. മാതൃഭൂമി ന്യൂസിൽ സീനിയർ ന്യൂസ് എഡിറ്ററായാണ് സ്മൃതിയും മഞ്ജുഷും പ്രവർത്തിച്ചിരുന്നത്. ചാനലിലെ പ്രൈം ടൈം ചർച്ചകളുടെ അവതരണത്തിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. സ്മൃതി മീഡിയ വൺ ചാനലിൽ സീനിയർ കോർഡിനേറ്റിംഗ് എഡിറ്ററായി ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും എന്നാണ് വിവരം.

ജൂണിൽ മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചിരുന്നു. പതിനഞ്ച് വര്‍ഷത്തോളം ഏഷ്യനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ചാനലിന്റെ തലപ്പത്തെത്തിയത്. ചാനലിന്റെ തുടക്കം മുതല്‍ ചീഫ് ഓഫ് ന്യൂസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഉണ്ണിബാലകൃഷ്ണന്‍.

ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് പിന്നാലെ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററായാണ് വേണു ബാലകൃഷ്ണന്‍ പ്രവർത്തിച്ചിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായും വേണും പ്രവർത്തിച്ചിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു വേണു ബാലകൃഷ്‌ണൻ.

കഴിഞ്ഞ ദിവസം മീഡിയ വണ്‍ അവതാരകനായ അഭിലാഷ് മോഹന്‍ ചാനല്‍ വിടുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മീഡിയ വണ്‍ വിട്ട് അഭിലാഷ് മോഹന്‍ മാതൃഭൂമി ചാനലില്‍ ചേരുമെന്നാണ് വിവരം. ജനുവരിയോടെയായിരിക്കും അഭിലാഷ് മാതൃഭൂമിയില്‍ ചേരുക. റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്ന് 2019ലാണ് അഭിലാഷ് മോഹന്‍ മീഡിയാ വണ്‍ ചാനലിലെത്തിയത്. മീഡിയാ വണിന്റെ പ്രൈം ടൈം ചര്‍ച്ചയായ സ്‌പെഷ്യല്‍ എഡിഷന്‍, എഡിറ്റോറിയല്‍ പരിപാടിയായ നിലപാട് എന്നിവ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളിലൂടെ അഭിലാഷ് മോഹന്‍ ചാനലിന്റെ മുഖമായി മാറിയിരുന്നു.

.