കൊച്ചിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി; എട്ട് പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടും

ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. തമ്മനം പാലാരിവട്ടം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടി വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നത്.

ഇതേത്തുടര്‍ന്ന് നഗരത്തില്‍ ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗര്‍, പോണേക്കര ഭാഗങ്ങളില്‍ രണ്ട് ദിവസത്തേക്ക് ജലവിതരണം തടസപ്പെടും. നഗരത്തിലെ മറ്റ് പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് കുറയുമെന്നും ജലവകുപ്പ് അറിയിച്ചു.

രാവിലെ 10.30ഓടെയാണ് സംഭവം. കുത്തുപ്പാടി പമ്പ് ഹൗസിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ വെള്ളം കുത്തി ഒഴുകി. ഇതേത്തുടര്‍ന്ന് സമീപത്തെ കടകളിലും വെള്ളം കയറി.

40 വര്‍ഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് പാലാരിവട്ടം ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. കൊച്ചിയിലെ ഒരു ഭാഗം കുടിവെള്ള ക്ഷാമത്തില്‍ വലയുമ്പോഴാണ് ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പള്ളിപ്പാടിയില്‍ പൊട്ടിയത്.