'വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുത്, പണികിട്ടും'; മുന്നറിയിപ്പുമായി പൊലീസ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി കേരളം പൊലീസ്. അതിരുവിട്ടാൽ പണികിട്ടുമെന്നാണ് മുന്നറിയിപ്പ്. ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ പോലീസ് പുറത്തിറക്കി. കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിർദേശിച്ചു.

വോട്ടെണ്ണൽ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ മലപ്പുറം ഡിവൈഎസ്‌പി കെ.എം. ബിജുവിന്റെ അധ്യക്ഷതയിൽ യോഗംചേർന്നിരുന്നു. നിർദേശങ്ങൾ അണികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പാർട്ടി നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ആഹ്ലാദപ്രകടനം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവത്ത രൂപത്തിലും നിയമം പാലിച്ചും നടത്തണമെന്ന് യോഗത്തിൽ ഡിവൈഎസ്‌പി ആവശ്യപ്പെട്ടു. വിജയാഹ്ലാദപ്രകടനങ്ങൾ ബന്ധപ്പെട്ട സ്റ്റേഷൻഹൗസ് ഓഫീസറെ മുൻകൂട്ടി അറിയിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്‌പി അറിയിച്ചു.

Read more