ഡോളർ കടത്തിയ കേസ്; ജോയിന്റ് പ്രോട്ടോകോൾ ഓഫീസർ ഇന്ന് കസ്റ്റംസിന് മുന്നിൽ

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സംസ്ഥാന ജോയിന്‍റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ.ഹഖ് ഇന്ന് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായേക്കും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയ സംഭവത്തിലാണ് ഷൈൻ എ.ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുക ഡോളർ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസിൽ ഖാലിദിനെതിരെ കസ്റ്റംസ് അന്വേഷണം തുടരുന്നുണ്ട്. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിൽ ഷൈൻ എ. ഹക്കുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് എം.ശിവശങ്കർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പിൽ ജില്ല സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഗവർണമെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽകില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം. ഇതോടൊപ്പം കേസിൽ സ്വഭാവികജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജിയും കോടതിയ്ക്ക് മുമ്പാകെയുണ്ട്.