സിഎഎയില്‍ കോണ്‍ഗ്രസിന് ദേശീയ നിലപാടുണ്ടോ?, രാഹുല്‍ ഗാന്ധി എന്തെങ്കിലും പറഞ്ഞോ?; 'പൗരത്വഭേദഗതി നിയമം അറബിക്കടലില്‍' ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ചട്ടം ഇന്ത്യയില്‍ നടപ്പാക്കിയ സാഹചര്യത്തിലെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ ഇതുവരേയും എന്തെങ്കിലും പ്രതികരണം നടത്തിയോ?

പാര്‍ടി അധ്യക്ഷന്‍ എന്തെങ്കിലും പറഞ്ഞോ? രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ എവിടെവച്ചെങ്കിലും എന്തെങ്കിലും പറഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ‘പൗരത്വഭേദഗതി നിയമം അറബിക്കടലില്‍’ എന്ന സന്ദേശമുയര്‍ത്തി ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദേഹം.

മുസ്ലിം സമുദായത്തെ രണ്ടാംകിട പൗരരായി കാണുന്നതിനെ അംഗീകരിക്കില്ല. ഈ പോരാട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെയാണ്. അതിന്റെ മുന്നില്‍ കേരളത്തിലെ സര്‍ക്കാര്‍ ഉണ്ടാവും.

പൗരത്വ ഭേദഗതി നിയമം ചട്ടമായപ്പോഴാണ് യോജിച്ച പ്രക്ഷോഭത്തില്‍നിന്ന് ചിലര്‍ മാറിനിന്നത്. ബിജെപിയും സംഘപരിവാറും നമ്മുടെ നിലപാടിനെ അപഹസിച്ചാല്‍ മനസ്സിലാകും. എന്നാല്‍ കേരളം പ്രമേയം പാസാക്കിയതിനെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അപഹസിച്ചു.

ലോക്സഭയില്‍ കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളില്‍ എ എം ആരിഫിന്റെ ശബ്ദം മാത്രമേ ഉയര്‍ന്നുള്ളൂ. രാജ്യസഭയില്‍ എളമരം കരീമും ബിനോയ് വിശ്വവും കെ കെ രാഗേഷുമെല്ലാം ബില്ലിനെ എതിര്‍ത്തു. അന്നൊന്നും കോണ്‍ഗ്രസുകാരുടെ ശബ്ദം ഉയര്‍ന്നില്ലന്നും മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി.