തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍; രണ്ടര ഗ്രാം എം.ഡി.എം.എയും ലഹരി സ്റ്റാമ്പുകളും പിടിച്ചെടുത്തു

എംഡിഎംഎ ഉള്‍പ്പെടെ സിന്തറ്റിക് മയക്കു മരുന്നുകളുമായി തൃശൂരില്‍ ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹൂസൈന്‍ ആണ് പിടിയിലായത്. തൃശൂര്‍ ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയിലായത്.

രണ്ടര ഗ്രാം എംഡിഎംഎയും ലഹരി സ്റ്റാമ്പുകളും അഖിലില്‍ നിന്ന് പിടികൂടി. മെഡിക്കല്‍ കോളജിന് അടുത്ത് ഇയാള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്നുകള്‍ എത്തിച്ചത്. മെഡിക്കല്‍ കോളജിലെ 15ഓളം ഡോക്ടര്‍മാര്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതായി അഖില്‍ മൊഴി നല്‍കി.

അഖിലിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് ലഹരിമരുന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ ഇയാളുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജും പരിസരവും പൊലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു എന്നാണ് വിവരം.