ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കരുത്; തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിവസം ഒരു ലക്ഷത്തിലധികം പേര്‍ക്ക് ശബരിമലയില്‍ ദര്‍ശനം സാധ്യമാക്കുന്നുണ്ട്. മുതിര്‍ന്ന സ്ത്രീകളും കുട്ടികളും കയറുമ്പോള്‍ യാന്ത്രികമായി കയറ്റിവിടാന്‍ സാധിക്കില്ലെന്നും തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പണം ഒരു തടസമല്ല. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 220 കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് ഇടത്താവളങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി പൂര്‍ത്തിയായി വരുന്നു. ഇതിനായി 108 കോടി രൂപ കിഫ്ബിയില്‍ നിന്ന് ചിലവഴിച്ചുവെന്നും പിണറായി വ്യക്തമാക്കി.

ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ അനിയന്ത്രിതമായ തിരക്ക് ശബരിമലയില്‍ ഇല്ലെന്നും പിണറായി പറഞ്ഞു. പൊലീസുകാരുടെ എണ്ണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവ് വരുത്തിയിട്ടില്ല. നിലവില്‍ 16118 പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ട്. പുതിയ ബാച്ച് വരുമ്പോള്‍ അനുഭവ സമ്പത്തുള്ളവരെ നിലനിറുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം 88,000 പേരാണ് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. പതിനെട്ടാം പടിയിലൂടെ മണിക്കൂറില്‍ 4,000ല്‍ അധികം തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തുടങ്ങിയതോടെയാണ് ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ന്നത്. എന്നാല്‍ സ്പോട്ട് ബുക്കിംഗ് ഉള്‍പ്പെടെ 1,20,000 തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇത്രയധികം ആളുകളെ ഒരേ സമയം മലകയറാന്‍ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പൊലീസ് നിലപാട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിറുത്തിയാണ് പൊലീസ് പമ്പ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശരണപാതയില്‍ നിലവില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും പമ്പ വരെയുള്ള പ്രദേശങ്ങളില്‍ ഗതാഗത കുരുക്ക് തുടരുന്നുണ്ട്.