ഇളവുകളെച്ചൊല്ലി തര്‍ക്കം, ഇടഞ്ഞ് നേതാക്കള്‍; കെ.പി.സി.സി പട്ടിക വൈകുന്നു

കെപിസിസി ഭാരവാഹി പട്ടികയിലെ തര്‍ക്ക പരിഹാര ശ്രമം പുരോഗമിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും. മുന്‍ നിശ്ചയിച്ച പ്രകാരം സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരെ കെപിസിസി ഭാരവാഹി ആക്കേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവരുടെ ആവശ്യം. വനിതകള്‍ക്ക് ഇളവ് അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

കെപിസിസി ഭാരവാഹി പട്ടിക ഞായറാഴ്ച കൈമാറാനായിരുന്നു കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം കരുതിയത്. എന്നാല്‍ എഐസിസി ഇടപെടലുണ്ടായതോടെയാണ് പട്ടിക നീണ്ടത്. കെ സി വേണുഗോപാല്‍ ഇടപെട്ടതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഇതോടെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു. എന്നാല്‍ കെസിയുടെ ഇടപെടലല്ല പ്രശ്‌നമെന്നാണ് സുധാകരന്റെ പ്രതികരണം. തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും, മുല്ലപ്പള്ളിക്കും, ഹസനും പരാതി ഉണ്ട്.

എം പി വിന്‍സെന്റ്, രാജീവന്‍ മാസ്റ്റര്‍ എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലാണ് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇവര്‍ക്ക് വേണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രം തുടരുകയാണ്. മുതിര്‍ന്ന നേതാക്കളെ കണ്ട് അനുനയിപ്പിക്കാനാണ് നീക്കം. ഭാരവാഹി പട്ടികയില്‍ കെ ജയന്തിനെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ നേതാക്കളില്‍ ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. ബിഹാറില്‍ ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരികെ  ഡല്‍ഹിയിലെത്തുമ്പോള്‍ പട്ടിക കൈമാറുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ അവകാശവാദം.

ശിവദാസന്‍ നായര്‍, വി എസ് ശിവകുമാര്‍ കുമാര്‍, വി പി സജീന്ദ്രന്‍, വിടി ബല്‍റാം, ശബരീനാഥന്‍ തുടങ്ങിയവര്‍ ഭാരവാഹികളാകും. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. എറണാകുളത്ത് നിന്നുള്ള ജമാല്‍ മണക്കാടന്റെ പേര് ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണന്‍, ജ്യോതി വിജയകുമാര്‍ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.