അഡ്വ. എ. ജയശങ്കറിന് എതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ; 'പരസ്യശാസന'

അഡ്വ. എ. ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. പാർട്ടിക്കും പാർട്ടിനയങ്ങൾക്കും പരിപാടികൾക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂർണ അംഗമാണ് അഡ്വ.എ.ജയശങ്കർ.

പാർട്ടി മുൻകൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെയും അതിന്റെ പ്രവർത്തനങ്ങളെയും അഡ്വ. ജയശങ്കർ നിരന്തരമായി അപകീർത്തികരമായ രീതിയിൽ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യവിമർശനങ്ങളും ആരോപണങ്ങളും നടത്തി കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ ബ്രാഞ്ച് ജനറൽബോഡി യോഗം വിലയിരുത്തി.

ഇത് അംഗീകരിക്കാനാവില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജയശങ്കർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. തുടർന്നാണ് പാർട്ടി ഭരണഘടന പ്രകാരമുള്ള “പരസ്യ ശാസന” എന്ന അച്ചടക്ക നടപടിക്ക് ജയശങ്കറിനെ വിധേയനാക്കിയത്.