നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുരുക്കിലേക്ക്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം; ഒരു മാസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണം

നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കോടതിയുടെ പക്കല്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരെന്ന് കണ്ടെത്താന്‍ ആവശ്യപ്പെട്ട് അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേല്‍ നോട്ടത്തില്‍ അതിജീവിത അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

അതിജീവിതയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഒരു മാസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ജില്ലാ ജഡ്ജി വസ്തുത എന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് അന്വേഷണ ഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി അറിയിച്ചു.

വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.