അനന്യ കുമാരി എന്നൊരാളുടെ മരണം താങ്കളുടെ ശ്രദ്ധയിൽ പെട്ടില്ലേ?: എ. എ റഹീമിനോട് ശ്രീജിത്ത് പണിക്കർ

അനന്യ കുമാരി അലക്സ് എന്നൊരാളുടെ മരണം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയോട് ചോദ്യം ഉന്നയിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും വർധിപ്പിക്കാൻ നിയമനിർമ്മാണവും ആനുകൂല്യങ്ങളും വേണമെന്ന ഡിവൈഎഫ്ഐ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്. അതോടെ കഴിഞ്ഞോ സംരക്ഷണം എന്നും ശ്രീജിത്ത് പണിക്കർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

സഖാവ് എ എ റഹിമിനോടാണ്. A A Rahim

നാലു വർഷം മുൻപ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു ഭൂരിപക്ഷമുള്ള സംഘടനാ യൂണിറ്റ് സ്ഥാപിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. അവരുടെ സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും വർധിപ്പിക്കാൻ നിയമനിർമ്മാണവും ആനുകൂല്യങ്ങളും വേണമെന്ന ഡിവൈഎഫ്ഐ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്.

അതോടെ കഴിഞ്ഞോ സംരക്ഷണം?

അനന്യ കുമാരി അലക്സ് എന്നൊരാളുടെ മരണം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ?

ചികിത്സാ പിഴവുമൂലം തന്റെ സ്വകാര്യഭാഗം വെട്ടിമുറിച്ചതുപോലെ ഭീകരമായിപ്പോയെന്ന് അവർ വിലപിച്ചത് താങ്കളെ ഞെട്ടിച്ചില്ലേ?

പൂത്തിരി ചീറ്റുന്നതു പോലെയാണ് മൂത്രം പോകുന്നതെന്ന് കേട്ടപ്പോൾ ഒരുതരം മരവിപ്പ് അനുഭവപ്പെട്ടില്ലേ?

ഇരുപത്തിനാല് മണിക്കൂറും നാപ്കിനുകൾ ഉപയോഗിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചോർത്ത് ദുഃഖം തോന്നിയില്ലേ?

വിവരം ശ്രദ്ധയിൽ പെടുത്തിയിട്ടും ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന പരാതി താങ്കളെ അസ്വസ്ഥനാക്കിയില്ലേ?

കെ കെ ഷൈലജ ആയിരുന്നു മന്ത്രിയെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്ന് പറഞ്ഞത് താങ്കളെ നിരാശപ്പെടുത്തിയില്ലേ?

എന്നിട്ട് താങ്കളും പ്രസ്ഥാനവും ഒരു ചെറുവിരൽ അനക്കിയോ?

അതെ, “മനുഷ്യരാവണം” നമ്മൾ!

വിദേശത്തെ പ്രശ്നങ്ങൾക്ക് ഇവിടെ ഞായറാഴ്ച സമരം നടത്താനും മാർച്ച് നടത്താനും എളുപ്പമാണ് റഹിം. എന്നാൽ നിലപാട് എന്നൊന്നുണ്ട്. ഭൂതദയ എന്നൊന്നുണ്ട്. മനുഷ്യരാവണമെന്ന് ഈണത്തിൽ പാടിയതുകൊണ്ട് നാം മനുഷ്യരാവില്ല. നടക്കുന്നതു കൊണ്ടും, ശ്വസിക്കുന്നതു കൊണ്ടും, സമരം ചെയ്യുന്നതുകൊണ്ടും നാം മനുഷ്യരാവില്ല. അതിനു മനുഷ്യത്വം തന്നെ വേണം.

ചോദിക്കാനും പറയാനും ഇന്നും അധികമാരും ഇല്ലാത്തവരാണ് ട്രാൻസ്‌ജെൻഡർ വിഭാഗം. അവർക്കൊപ്പം എന്ന പ്രഖ്യാപനം ആത്മാർത്ഥമെങ്കിൽ അനന്യയ്ക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കുന്നത് താങ്കളുടെ പ്രസ്ഥാനത്തിലൂടെ ആവണം. അല്ലെങ്കിൽ മേല്പറഞ്ഞ യൂണിറ്റ് സ്ഥാപനവും, പ്രകടന പത്രികയുമൊക്കെ വെറും പ്രഹസനം മാത്രമായിപ്പോകും റഹിം; പ്രസ്താവനകൾ വെറുംവാക്കുകളും. അങ്ങനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കേണ്ട ജീവിതങ്ങളല്ല അവരുടേത്.

അവരും മനുഷ്യരാണ്. ഈ സമൂഹത്തിൽ ജീവിക്കേണ്ടവർ.

പണിക്കർ