പണിമുടക്കില്‍ പങ്കെടുത്തില്ല: കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

കെഎസ്ആര്‍ടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട പണിമുടക്കില്‍ പങ്കെടുക്കാതിരുന്നതിന് വയനാട്ടില്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടറായ കല്ലോടി സ്വദേശി ഷാജിക്കാണ് സമരക്കാരുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഷാജി മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശനിയാഴ്ച നടത്തിയ സമരത്തില്‍ ഷാജി പങ്കെടുത്തിരുന്നില്ല. മുന്‍കൂട്ടി റിസര്‍വേഷന്‍ ഉണ്ടായിരുന്ന തിരുവനന്തപുരത്തേക്കുള്ള ബസില്‍ ഡ്യൂട്ടി ചെയ്തു.

തുടര്‍ന്ന് മാനന്തവാടി ഡിപ്പോയിലെ ജീവനക്കാര്‍ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഷാജി പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ നാലംഗ സംഘം വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

കല്ല് കൊണ്ട് തലയ്ക്കടിക്കുകയും, മുഖത്ത് ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തില്‍ തലയ്ക്കും, കണ്ണിലും, ചുണ്ടിലും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.