ധീരജ് കൊലപാതകം; ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി എൻജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസിലെ മറ്റു പ്രതികള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസം കഴിഞ്ഞാണ് നിഖിലിന് ജാമ്യം ലഭിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലമുള്ള കൊലപാതകമാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

ജനുവരി 10നാണ് ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. കുത്തിയതിന് ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇടുക്കി കരിമണലില്‍ നിന്നാണ് ഒന്നാം പ്രതിയായ നിഖിലിനെ പിടികൂടിയത്. സംഭവത്തില്‍ അടുത്തിടെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. ധീകജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ പറയുന്നു.