ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഏത്തമിടീക്കല്‍: യതീഷ് ചന്ദ്രയോട് ഡി.ജി.പി വിശദീകരണം തേടി

ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകള്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതു കൊണ്ടാണ് ഏത്തമിടീപ്പിച്ചതെന്നാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം. കണ്ണൂര്‍ അഴീക്കലിലാണ് സംഭവം.

ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഏത്തമിടീച്ചത്. പട്രോളിങ്ങിനിടെ, കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെ ഇവരില്‍ ചിലര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്.

ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് രണ്ടു കേസുകളാണ് കണ്ണൂരില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ പത്തു കിലോമീറ്റര്‍ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണ്.