എന്തെല്ലാം എഴുതി വിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ, മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി; ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസിലായല്ലോ എന്നും പരിഹാസം

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റം ചൂണ്ടിക്കാണിച്ച് മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതി വിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായാരുന്നു പിണറായിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസിലായല്ലോയെന്നും കണ്ണൂരില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പരിഹസിച്ചു. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ആദിവാസി,ദലിത് മേഖലയിലുളളവരുമായുള്ള മുഖാമുഖം പരിപാടിയില്‍നിന്നു മാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടന്‍ മാധ്യമ പ്രവര്‍ത്തകരോട് പുറത്തു പോകാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. ആദിവാസി, ദലിത് വിഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട് എത്തിയവരാണ് മുഖ്യമന്ത്രിയുമായി സംസാരിക്കുന്നത്. ചിലര്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ അവതാരകന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടത്.

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ഇന്നലെ നടന്ന അവസാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ അട്ടിമറി ജയം ചൂണ്ടിക്കാണിച്ചാണ് ഉദ്ഘാടന പ്രസംഗത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെ മുഖ്യമന്ത്രി ചോദ്യമെറിഞ്ഞത്. 23 വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 5 സിറ്റിങ് സീറ്റില്‍നിന്ന് എല്‍ഡിഎഫ് 10 സീറ്റിലേക്കെത്തി കരുത്തുകാട്ടിയതോടെയാണ് ഭരണവിരുദ്ധ വികാരമെന്ന നിലയില്‍ മുമ്പു വന്നിട്ടുള്ള വാര്‍ത്തകളെ മുഖ്യമന്ത്രി പരിഹാസത്തോടെ നേരിട്ടത്.